മാപ്പിളപ്പാട്ട് ജനകീയനാക്കിയ കലാകാരൻ; വിഎം കുട്ടിയുടെ വിയോഗത്തിൽ തേങ്ങി കലാലോകം

കോഴിക്കോട്: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം പുളിക്കലിലെ വസതിയായ ‘ദാറുസ്സലാ’മിൽ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചക്ക് രണ്ട് മണി മുതൽ മൂന്നു വരെ കൊണ്ടോട്ടിയിലെ മോയിൻകുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ പൊതുദർശനമുണ്ടാവും. ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് പുളിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

1954ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തേക്കുള്ള വിഎം കുട്ടിയുടെ കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. ഒരു കാലത്ത് കല്യാണവീടുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിഎം കുട്ടിയും വിളയിൽ ഫസീലയും. 1957ൽ സ്വന്തം ഗ്രൂപ്പ് തുടങ്ങിയ വിഎം കുട്ടി നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ഗാനമേളകൾ നടത്തി.

കേരള ഫോക്ക് ലോർ അക്കാദമിയുടെ വൈസ് ചെയർമാനായും കേരള സംഗീത നാടക അക്കാദമിയുടെ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം എന്നിവിടങ്ങളിൽ അംഗമായിരുന്നു.

മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് (2020), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങൾ നൽകി വിഎം കുട്ടിയെ ആദരിച്ചു. പരേതയായ ആമിനക്കുട്ടിയാണ് ഭാര്യ.

Exit mobile version