കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)നുള്ള ശിക്ഷാവിധി ഇന്ന്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് ബുധനാഴ്ച വിധി പ്രസ്താവിക്കും. മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ(27)പേരിൽ ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. രണ്ട് തവണയാണ് സൂരജ് ഇതേരീതിയിൽ വധശ്രമം നടത്തിയത്. ആദ്യ തവണ രക്ഷപ്പെട്ടെങ്കിലും സൂരജിന്റെ ക്രൂരതയ്ക്ക് മുന്നിൽ ഉത്ര രണ്ടാം തവണ കീഴടങ്ങുകയായിരുന്നു.