തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത പശ്ചാത്തലത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വടക്കന്‍ ജില്ലകളില്‍ താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. എന്‍ഡിആര്‍എഫിന്റെ ആറ് സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും ആര്‍മിയും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
എല്ലാ സ്ഥലത്തും ക്യാമ്പുകള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു.