തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 18 മുതൽ പൂർണമായി തുറക്കും. നിലവിൽ അവസാന വർഷ വിദ്യാർത്ഥികൾക്കായി മാത്രമാണ് ക്ലാസുകൾ നടക്കുന്നത്. 18 മുതൽ എല്ലാ വിദ്യാർത്ഥികൾക്കുമായി സമ്പൂർണ്ണ ക്ലാസ് ആരംഭിക്കും. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. സ്ഥാപന മേധാവികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു യോഗം ചേർന്നു.
ലൈബ്രറികളും ലാബുകളും കുറെ കാലമായി അടഞ്ഞുകിടക്കുകയാണ്. പുതുതായി വരുന്ന എല്ലാ കുട്ടികൾക്കും അവ ഉപയോഗിക്കാൻ അവസരമുണ്ടാക്കണം. കോളെജുകൾ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശങ്ങൾക്ക് കീഴ്പെട്ടു മാത്രമേ ക്യാംപസുകൾക്ക് പ്രവർത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും. പശ്ചാത്തലസൗകര്യം, ലാബ്ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം.
നാക് മാനദണ്ഡങ്ങൾ പാലിക്കപെടുമെന്ന് ഉറപ്പാക്കാൻ നല്ല പരിശ്രമം ഉണ്ടാവണം. എ പ്ലസ് ഗ്രേഡുകൾതന്നെ നേടണമെന്ന നിലയ്ക്കാവണം പരിശ്രമം. എല്ലാ ക്യാംപസുകളിലും കോവിഡ് ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാസമിതികൾ എല്ലാ കാമ്പസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഈ സമിതികൾ നടത്തണം. കഌസ് മുറികളും വിദ്യാർത്ഥികൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. ഒന്നാം വർഷ വിദ്യാർത്ഥികൾ വരുംമുമ്പ് അത് നടന്നിട്ടുണ്ടാകും. എങ്കിലും ഒരിക്കൽക്കൂടി ഉറപ്പുവരുത്തണം.
വാക്സിനേഷൻ ഡ്രൈവ് മികച്ച രീതിയിൽ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കായി ഈ യത്നം കൂടുതൽ ശക്തമായി നടത്തണം. ഇനി വരുന്ന ഏതാനും ദിവസങ്ങൾ അവധി ദിനങ്ങളാണ്. വാക്സിനേഷൻ ഡ്രൈവ് ഈ ദിവസങ്ങളിൽ കാര്യമായി നടക്കാൻ സ്ഥാപനമേധാവികൾ മുൻകൈ എടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Discussion about this post