മലപ്പുറം: ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസ്സുകാരന് ദാരുണാന്ത്യം. മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് മരിച്ചത്.
കൊച്ചുവേളി -നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസിലാണ് ദുരന്തമുണ്ടായത്. ടോയ്‌ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്നതാണ് അപകടകാരണം. ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വച്ചായിരുന്നു അപകടം.
ട്രെയിനില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു.
ടോയ്‌ലെറ്റില്‍ പോകാനായി ഇഷാന്‍ എണീറ്റു.
ടോയ്‌ലെറ്റിന്റെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ പെട്ട് ഇഷാന്‍ പുറത്തേക്ക് തെറിച്ച് വീണു. ഇതോടെ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.