കൊല്ലം: എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച വൈശാഖ് എന്ന സൈനികൻ. നാട്ടിൽ എല്ലാവരോടും സൗഹാർദ്ദം സൂക്ഷിച്ചു. അമ്മയുടേയും പെങ്ങളുടേയും എല്ലാ ആശ്രയവും വൈശാഖ് ആയിരുന്നു. ‘ആരുമില്ലാതായി ഞങ്ങൾക്ക്’ എന്നായിരുന്നു വൈശാഖിന്റെ അകാലമൃത്യുവിനോട് അമ്മ കണ്ണീരോടെ പ്രതികരിച്ചത്.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് വേദന അടക്കിപ്പിടിച്ചുകൊണ്ട് അമ്മാവൻ പറയുന്നു. എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു അവൻ, ഞങ്ങളുടെ പ്രിയ്യപ്പെട്ടവൻ. അഭിമാനമാണ്, ഞാൻ സല്യൂട്ട് ചെയ്യുന്നു അവനെ, ഇടറിയ ശബ്ദത്തിൽ അമ്മാവന് വാക്കുകൾ മുഴുവനാക്കാനായില്ല.
ആറ് മാസം മുൻപാണ് സ്വന്തം നാട്ടിൽ സ്വപ്ന ഭവനം വൈശാഖ് നിർമ്മിച്ചത്. അതിന് മുൻപ് വാടക വീട്ടിലായിരുന്നു താമസം. രണ്ട് മാസം മുൻപാണ് അവസാനമായി അവധി കഴിഞ്ഞ് സൈന്യത്തിലേക്ക് മടങ്ങിയത്. നാട്ടുകാരുടെ വലിയ സാന്നിദ്ധ്യം വൈശാഖിന്റെ വീടിന് മുന്നിലുണ്ട്.
വാടക വീട്ടിൽ നിന്ന് മാറി സ്വന്തമായി വീട് നിർമ്മിക്കണമെന്നായിരുന്നു ഏറെക്കാലമായുള്ള ഈ യുവാവിന്റെ ആഗ്രഹം. വൈശാഖം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. അമ്മയോട് വലിയ സ്നഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 19ാമത്തെ വയസിൽ സൈന്യത്തിൽ ചേർന്നിരുന്നു വൈശാഖ്.
വൈശാഖിന്റെ മൃതദേഹം നാളെയോടെ വീട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. പൂഞ്ച് ജില്ലയിലെ സൂറൻകോട് മേഖലയിൽ ഭീകരർ നുഴഞ്ഞുകയറിയതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചയോടെ മേഖലയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു വൈശാഖ് എച്ച് ഉൾപ്പടെയുള്ള സംഘത്തിനെതിരെ ആക്രമണമുണ്ടായത്. ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആരുടെയും ജീവൻ രക്ഷപ്പെടുത്താനായില്ല. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
Discussion about this post