തിരുവനന്തപുരം: വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇറക്കിവിട്ടുവെന്ന പരാതിയുമായി ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ രംഗത്ത്. യൂട്യൂബ് വീഡിയോയിലൂടെയാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും പുതിയ വീട് തരാന്‍ എല്ലാവരും വിസമ്മതിക്കുകയാണെന്നും ഇവര്‍ പറയുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയും ഇതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ഇതിന് കാരണമായതെന്നും വ്‌ളോഗര്‍മാര്‍ ആരോപിച്ചു.
പ്രശ്നങ്ങള്‍ക്ക് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ വീട്ടുടമ ആവശ്യപ്പെട്ടു. ആളുകളില്‍ നിന്നും പരിഹാസമുള്‍പ്പെടെ കേള്‍ക്കാറുണ്ട്. തങ്ങളെ അന്താരാഷ്ട്ര കുറ്റവാളികളായാണ് സമൂഹം കാണുന്നത്. വലിയ പ്രശ്നങ്ങളാണ് സമൂഹത്തില്‍ നിന്നും നേരിടുന്നത്, ഇതില്‍ മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ, പോലീസ്, മാധ്യമങ്ങള്‍ എന്നിവരോട് കടപ്പാടുണ്ടെന്നും ഇ-ബുള്‍ജെറ്റ് സഹോദരങ്ങള്‍ പറയുന്നു.
വാടക വീടിനായി കുറേ അലഞ്ഞു, ആരും വീടുതന്നില്ല. 12 ഓളം വീടുകള്‍ അന്വേഷിച്ചു. രാവിലെ വീട് തരാമെന്ന് പറയുന്നവര്‍ വൈകീട്ടോടെ ഇത് മാറ്റിപ്പറയും. കാലാവധി കഴിയാതെയാണ് വീട്ടുടമ ഇറക്കിവിട്ടതെന്നും വ്ളോഗര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തേക്കുള്ള കരാറിലാണ് വീട്ടുടമയുമായി ഒപ്പുവെച്ചത്.
എന്നാല്‍, കാലാവധി കഴിയുന്നതിന് മുന്‍പ് ഇറക്കിവിട്ടതിനാല്‍ വീട്ടിലെ സാധനങ്ങള്‍ എല്ലാം അതേപടി ഇരിക്കുകയാണെന്നും പറഞ്ഞ വ്‌ളോഗര്‍മാര്‍ ഊര്‍ജ്ജിതമായ തെരച്ചിലിന് ശേഷം പുതിയ വീട് ലഭിച്ചെന്നും, സാധനങ്ങള്‍ അങ്ങോട്ട് മാറ്റുമെന്നും കൂട്ടിച്ചേര്‍ത്തു. 45 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്ളോഗര്‍മാര്‍ പങ്കുവെച്ചത്.