പുലര്‍ച്ചെ എണീറ്റ് നൂറു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടും; ഒറ്റ ദിവസം പോലും മുടക്കാതെ 100 ദിവസം ‘ഓട്ടം’, ഇത് വൈദികന്‍ സിജുവിന്റെ ആരോഗ്യ രഹസ്യം

പള്ളുരുത്തി: പുലര്‍ച്ചെ എണീറ്റ് നൂറുകിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി നൂറുദിനം തികച്ചിരിക്കുകയാണ് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ ഡയറക്ടറാണ് ഫാ. സിജു ജോസഫ്. ഒറ്റ ദിവസം പോലും മുടക്കാതെയാണ് സിജുവച്ചന്റെ ഈ സൈക്കിള്‍ സഞ്ചാരം.

സുഹൃത്തായ റോയി ജോര്‍ജിനൊപ്പമാണ് സൈക്കിളിലെ യാത്രയ്ക്ക് ഇറങ്ങുന്നത്. ‘സൈക്കിള്‍ ടീം കൊച്ചി’ എന്ന പേരില്‍ ഇവര്‍ക്കൊരു സൈക്കിള്‍ സംഘവും ഉണ്ട്. എന്നാല്‍, ദിവസം 100 കി.മീ എന്ന ലക്ഷ്യത്തോടെ സൈക്കിള്‍ സഞ്ചാരത്തിന് സിജുവച്ചന് കൂട്ടായി റോയി മാത്രമാണ് ഉണ്ടായത്.

സൈക്കിള്‍ ടീമിന്റെ നേതൃത്വത്തില്‍ ഇടയ്ക്കിടെ മൂന്നാര്‍, കുതിരാന്‍ ടണല്‍, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കന്യാകുമാരി, മലരിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂട്ടമായി സൈക്കിള്‍ യാത്ര നടത്തിയിട്ടുണ്ട്. കെ.ജെ. മാക്സി എം.എല്‍.എ.യും ഈ സൈക്കിള്‍ സംഘത്തില്‍ അംഗമാണ്. ‘നൂറ് ദിവസം കഴിഞ്ഞപ്പോള്‍ ശരീരഭാരം 10 കിലോ കുറഞ്ഞു. ആരോഗ്യം നിലനിര്‍ത്താന്‍ സൈക്കിള്‍യാത്ര മാത്രം മതി. ഈ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഈ സൈക്കിള്‍ സഞ്ചാരം. -ഫാ. സിജു പറയുന്നു.

നൂറു കിലോമീറ്റര്‍ നൂറു ദിവസം തുടര്‍ച്ചയായി ഓടിയതിന്റെ ഓര്‍മയ്ക്ക് സൈക്കിള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ നൂറ് ഔഷധച്ചെടികളും ഇവര്‍ നട്ടു. സൈക്കിള്‍ ടീമിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമുണ്ട്.

Exit mobile version