ഇടവ: കാപ്പില്‍ പൊഴിമുഖത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് രക്ഷകരായി അനൂപും സനോജും. ഇരുവര്‍ക്കും ഇപ്പോള്‍ നാട് ഒന്നടങ്കം അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്. ഞായറാഴ്ച വൈകീട്ട് കല്ലുവാതുക്കല്‍ സ്വദേശി കണ്ണനാണ് അപകടത്തില്‍പ്പെട്ടത്.
കാപ്പില്‍ പ്രിയദര്‍ശിനി ബോട്ട്ക്ലബ്ബ് ഡ്രൈവറാണ് അനൂപും മത്സ്യത്തൊഴിലാളിയാണ് സനോജ്. കല്ലുവാതുക്കലില്‍ നിന്നു മറ്റ് നാലുപേര്‍ക്കൊപ്പമാണ് കണ്ണന്‍ കാപ്പില്‍ തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഇതിനിടെ അടിയൊഴുക്കില്‍പ്പെട്ട് നിലകിട്ടാത്ത അവസ്ഥയിലായത്.
ഒപ്പമുണ്ടായിരുന്നവര്‍ ബോട്ട് ക്ലബ്ബിലെത്തി വിവരമറിയിച്ചു. ഡ്രൈവര്‍ അനൂപ് ഉടന്‍ തന്നെ സ്പീഡ് ബോട്ടില്‍ ലൈഫ് റിങ്ങുമായി പൊഴിമുഖത്തെത്തി. തീരത്തുണ്ടായിരുന്ന സനോജ് റിങ്ങുമായി കടലിലേയ്ക്ക് നീന്തിയെത്തിയാണ് കണ്ണനെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റിയത്. വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച പ്രദേശവാസികള്‍ കൂടിയായ അനൂപിനെയും സനോജിനെയും നാട്ടുകാര്‍ അനുമോദിച്ചു.
കാപ്പില്‍ പബ്ലിക് ലൈബ്രറി സെക്രട്ടറിയാണ് അനൂപ്. ഡി.വൈ.എഫ്.ഐ. ഇടവ ശ്രീയേറ്റ് യൂണിറ്റംഗമാണ് സനോജ്. ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനു പിന്നാലെ മറ്റ് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.