വീരമൃത്യു വരിച്ച വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത് നാല് വര്‍ഷം മുമ്പ്; ഒടുവില്‍ നാട്ടിലെത്തിയത് ഓണത്തിന്; ധീരജവാനെ കണ്ണീരോടെ കാത്ത് നാട്

കൊല്ലം: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കൊല്ലം വെളിയം ആശാമുക്കിലെ ശില്‍പ്പാലയത്തില്‍ വൈശാഖ് എച്ച് (24) സൈന്യത്തില്‍ ചേര്‍ന്നിട്ട് വെറും നാല് വര്‍ഷം മാത്രമായിട്ടുള്ളൂ.

ഇന്ന് ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് ഒടുവില്‍ നാട്ടിലെത്തി മടങ്ങിയത്.
ഹരികുമാര്‍ – മീന ദമ്പതികളുടെ മകനാണ് വൈശാഖ്. ശില്‍പ സഹോദരിയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. 2017ലായിരുന്നു വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. ധീര ജവാന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലെത്തും.

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കമുള്ള സൈനികര്‍ക്ക് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു.

പഞ്ചാബ് കബൂര്‍ത്തലില്‍ നിന്നുള്ള ജൂനിയര്‍ കമ്മീഷന്‍ ഓഫീസ് നായിബ് സുബേധാര്‍ ജസ്വീന്ദര്‍ സിങ്, ഗുരുദാസ് പുര്‍ സ്വദേശി മന്‍ദീപ് സിങ്, റോപ്പര്‍ സ്വദേശി ഗജ്ജന്‍ സിങ്, ഉത്തര്‍പ്രദേശ് ഷാജഹാന്‍പുര്‍ സ്വദേശി സരത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു നാലു പേര്‍. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version