ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് വീരമൃത്യു. മരിച്ചവരിൽ മലയാളി ജവാനും ഉൾപ്പെടുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.
അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ തിരച്ചിലിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചതായുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സർക്കാർ സ്കൂളിൽ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൾ സതീന്ദർ കൗർ, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്.
സഫ മേഖലയിലെ സർക്കാർ സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരർ അധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Discussion about this post