കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനെന്ന് കോടതി. സൂരജിനുള്ള ശിക്ഷ 13 ന് വിധിക്കും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. അതേസമയം, വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് സൂരജ് പറഞ്ഞു.
വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു. കേസില്‍ സൂരജിനുള്ള ശിക്ഷ 13ന് പ്രസ്താവിക്കുമെന്നു കോടതി അറിയിച്ചു.
അഞ്ചല്‍ ഏറം ‘വിഷു’വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍, ഉത്രയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തുതന്നെ അപൂര്‍വമായ ക്രൂരത പുറത്തറിഞ്ഞത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷന് വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഡമ്മി പരീക്ഷണവും നടത്തിയാണ് ശാസ്ത്രീയ തെളിവുകളും നിരത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വാദിക്കുകയും ചെയ്തു.
Discussion about this post