കോഴിക്കോട്: ശ്രീകൃഷ്ണ ചിത്രം അതിമനോഹരമായി കാന്‍വാസിലാക്കുന്ന ചിത്രകാരി ജസ്ന സലിമിനെ കാണാനും ചിത്രം വാങ്ങിക്കാനുമായി കാസര്‍കോട് നിന്ന് കോഴിക്കോട്ടേയ്ക്ക് വണ്ടി കയറി നാരായണ്‍ നായര്‍. സ്ഥലമേതാണെന്ന് അറിയാതെയായിരുന്നു യാത്ര. എല്ലാമാസവും ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്ന കൃഷ്ണഭക്തനായ ജോത്സ്യന് നാരായണന് നായര്‍ ഫേസ്ബുക്കിലൂടെയാണ് ജസ്നയെക്കുറിച്ച് അറിയുന്നത്. അന്നുമുതലുള്ള ആഗ്രഹമാണ് ജസ്ന വരച്ച കണ്ണനെ വാങ്ങി സൂക്ഷിക്കണമെന്ന്. ആ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുകയാണ്.
ജസ്നയുടെ വീടോ അല്ലെങ്കില്‍ ബന്ധപ്പെടാന്‍ ഒരു നമ്പറോ കൈവശമുണ്ടായിരുന്നില്ല. ശേഷം വാര്‍ത്താ ചാനലുമായി ബന്ധപ്പെട്ട് ജസ്നയെ ഫോണിലൂടെ ബന്ധപ്പെട്ടു. തന്നെക്കാണാന്‍ കാസര്‍കോട്ടുനിന്ന് എത്തിയതാണെന്നറിഞ്ഞപ്പോള് ജസ്നയ്ക്കും സന്തോഷം. താന്‍ ഒരു ചാനല്‍ പ്രോഗ്രാമിന്റെ ഭാഗമായി പുറത്താണെന്നും കൊയിലാണ്ടിയിലെ വീട്ടിലില്ലെന്നും ജസ്ന അറിയിച്ചു. എത്തിയ ഉടനെ തിരച്ചുവിളിക്കാമെന്നും ഫോട്ടോ കൂറിയറായി എത്തിച്ചുനല്കാമെന്നും ജസ്ന അറിയിച്ചു.
എന്നാല്‍, തനിക്ക് കൂറിയറില്‍ അയക്കേണ്ടെന്നും ചിത്രം വരച്ചുകഴിഞ്ഞാല്‍ ഒന്നറിയിച്ചാല്‍ വീട്ടിലെത്തിവാങ്ങാമെന്നും നാരായണന് അറിയിച്ചു. കൂറിയറില്‍ എത്തിക്കുന്നതല്ലേ എളുപ്പം എന്ന് ചോദിച്ചപ്പോള്‍ ജസ്നയെ നേരില്‍ക്കാണണമെന്നും അവരുടെ കൈയില്‍നിന്ന് ഫോട്ടോ നേരിട്ടുവാങ്ങണമെന്ന ആഗ്രഹമാണ് ഇവിടെ എത്തിച്ചതെന്നും നാരായണന് നായര്‍ പറഞ്ഞു.
Discussion about this post