തിരുവനന്തപുരം: സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടന്ന പുനഃസംഘടനകളിൽ മാറ്റി നിർത്തിയത് ചൂണ്ടിക്കാണിച്ച് പരസ്യപ്രതിഷേധത്തിന് തുടക്കമിട്ട് ബിജെപി നേതാക്കൾ. പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് വേറിട്ട പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മുൻ സംസ്ഥാനപ്രസിഡന്റ് പികെ കൃഷ്ണദാസ്, നിലവിലെ ജനറൽ സെക്രട്ടറി എംടി രമേശ്, വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ, മുൻ സംസ്ഥാന വക്താവ് എംഎസ് കുമാർ എന്നിവർ ചാനൽ ചർച്ചയ്ക്ക് പങ്കെടുക്കുന്നവരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് ലെഫ്റ്റായി.
എംഎസ് കുമാർ ഭാരവാഹികളുടെ വാട്സ്ആപ്പ് ഗൂപ്പും വിട്ടു. എംഎസ് കുമാർ ഗ്രൂപ്പുകൾക്ക് അതീതനാണെങ്കിലും രാധാകൃഷ്ണനും രമേശും കൃഷ്ണദാസ് പക്ഷക്കാരാണ്. ചാനൽ ചർച്ചകളിൽ ഔദ്യോഗിക പക്ഷത്തിനായി വാദിക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.
സംസ്ഥാന ദേശീയ പുനഃസംഘടനകളിൽ പികെ കൃഷ്ണദാസിനെ ഒതുക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് രണ്ടു ദിവസത്തിനുശേഷം ഇത്തരമൊരു പ്രതിഷേധം പ്രകടിപ്പിക്കലിന് തയ്യാറായതും സ്വയം ഒഴിവായതും. കെ സുരേന്ദ്രൻ അധ്യക്ഷനായപ്പോൾ എംഎസ് കുമാറിനെ സംസ്ഥാന വക്താവാക്കിയിരുന്നെങ്കിലും ആ നിലയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നില്ല.
Discussion about this post