കൊല്ലം: കൊല്ലം സിവിൽ സ്റ്റേഷനും പരിസരവും കളക്ടറും അസിസ്റ്റന്റ് കളക്ടറും സംഘവും ചേർന്ന് വൃത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ജീവനക്കാരും പൊതുജനങ്ങളും. കളക്ടറായ അഫ്‌സാന പർവീൺ തൂമ്പ എടുത്തു മുന്നിട്ടിറങ്ങിയതോടെയാണ് കൂടെക്കൂടി അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ് നായരും എഡിഎം എൻ സാജിത ബീഗവും മറ്റ് ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് സിവിൽ സ്റ്റേഷനും പരിസരവും വൃത്തിയാക്കിയത്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണു ജില്ലാ ഭരണകൂടം, ശുചിത്വഹരിത മിഷനുകൾ ചേർന്ന് ശുചീകരണം നടത്തിയത്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് മാലിന്യമുക്ത ചുറ്റുപാടിലേക്ക് നയിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കളക്ടർ പറഞ്ഞു.ട്രാക്ക് (ട്രോമാ കെയർ ആൻഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ), എൻഎസ്എസ്, നെഹ്‌റു യുവകേന്ദ്ര ടീമംഗങ്ങളും പങ്കാളികളായി. ട്രാക്ക് പ്രസിഡന്റ് കൂടിയായ ജോയിന്റ് ആർടിഒ ശരത്ചന്ദ്രൻ നേതൃത്വം നൽകി.
ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർ ജെ രതീഷ് കുമാർ, പ്രോഗ്രാം ഓഫിസർ ഷാനവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ് ഐസക്, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നു മാസത്തിലൊരിക്കൽ ശുചീകരണ തുടർ പ്രവർത്തനങ്ങൾ നടത്താനാണു തീരുമാനം. കാടുമൂടിയ ഭാഗങ്ങൾ വൃത്തിയാക്കി പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടു. ഒക്ടോബർ 18 വരെ എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ശുചിത്വ നിലവാര പരിശോധനയും ഹരിതചട്ടപാലന ഓഡിറ്റിങ്ങും നടക്കും. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടന്നു.