തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ കയറി വാഹനങ്ങൾ അടിച്ച് തകർത്ത കേസിൽ അറസ്റ്റിലായ എബ്രഹാം വീട്ടുകാരുമായി വഴക്കുണ്ടാക്കിയതിലെ അരിശം തീർക്കാനാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ്. ഇയാൾ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. വഴക്കുകൂടിയ ശേഷം എബ്രഹാം വീട് വിട്ട് പുറത്തേക്ക് പോയിരുന്നുവെന്ന് വീട്ടുകാരും സമ്മതിച്ചു.
18കാരനായ എബ്രഹാം കഴിഞ്ഞ ദിവസം വീട്ടുകാരോട് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വീട് വിട്ട് ഇറങ്ങുകയും ചെയ്തു. ലഹരി ഉപയോഗിച്ചിരുന്ന പ്രതി തമ്പാനൂർ ഭാഗത്ത് എത്തിയ ശേഷം റെയിൽവേ സ്‌റ്റേഷനിലെ പേ ആൻഡ് പാർക്ക് സോണിൽ എത്തുകയും കൈയിൽ കിട്ടിയ കല്ലുപയോഗിച്ച് കണ്ട വാഹനങ്ങളെല്ലാം തകർക്കുകയുമായിരുന്നു.
പ്രതിക്ക് മോഷണം നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകണം. ഒരു വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടതായി പരാതിയില്ല. സൺഗ്ലാസ് ഉൾപ്പെടെയുള്ള ചില സാധനങ്ങൾ മാത്രമാണ് നഷ്ടമായത്. കാറുകളിൽ നിന്ന് എടുത്ത സാധനങ്ങൾ നശിപ്പിച്ചുവെന്ന് പ്രതി പോലീസിന് മൊഴിയും നൽകി. പ്രതി സംഭവ സമയത്ത് എന്ത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളൂ.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് എബ്രഹാമിനെ വീട്ടിലെത്തിയാണ് പിടികൂടിയത്. പോലീസ് എത്തുമ്പോൾ എബ്രഹാം വീട്ടിൽ തന്നെയുണ്ടായിരുന്നു. വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയതിലെ മാനസിക പ്രശ്‌നം കാരണമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു.
കാറുകൾ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയിൽവേയും പാർക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച് കൈക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.