കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന് ബലക്ഷയമില്ല: ബസ് സ്റ്റാന്‍ഡ് മാറ്റണമെന്ന് ചിലരുടെ താല്‍പര്യം; ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആര്‍കിടെക്ട് ആര്‍കെ രമേശ്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണത്തില്‍ പാളിച്ചകളുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കെട്ടിടം രൂപകല്‍പ്പന ചെയ്ത ആര്‍കിടെക്ട് ആര്‍കെ രമേശ്. കെഎസ്ആര്‍ടിസി സമുച്ചയത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് രമേശ് പ്രതികരിച്ചു.

ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്ന കുറേ കാര്യങ്ങള്‍ തെറ്റാണെന്നും രമേശ് പറഞ്ഞു. രൂപകല്‍പ്പനയില്‍ പിഴവില്ലെന്നും മറ്റൊരു ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് അത് ഉണ്ടാക്കിയതെന്ന് മനസ്സിലാകുമെന്നും രമേശ് പറഞ്ഞു.

വിചാരിച്ച പോലുള്ള ഒരു പ്രശ്നവും കെട്ടിടത്തിനില്ല എന്നും കെട്ടിടത്തില്‍ ബസ് സ്റ്റാന്റും ഷോപ്പിംഗ് സെന്ററും പ്രവര്‍ത്തിപ്പിക്കാമെന്നും ചില ആളുകള്‍ക്ക് ബസ് സ്റ്റാന്റ് അവിടെ നിന്ന് പോയാല്‍ അവരുടെ കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ പറ്റുമെന്നും രമേശ് പറഞ്ഞു.

കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്.

തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ ബസ് സ്റ്റാന്റ് താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ കെ.ടി.ഡി. എഫ്.സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.

Exit mobile version