കാഞ്ഞങ്ങാട്: കൈയ്യിലുണ്ടായിരുന്ന ആകെ സമ്പാദ്യം യാതൊരു മുന്‍ പരിചയവുമില്ലാത്ത ആ അച്ഛന്റെ കൈയ്യിലേല്‍പ്പിക്കുമ്പോള്‍ റസാഖിന്റെ മനസ്സില്‍ ആ കുഞ്ഞിന്റെ മുഖം മാത്രമായിരുന്നു. അവന്റെ ജീവന് രക്ഷിക്കണമെന്ന ചിന്ത മാത്രം.
കൊടക്കാട് വെള്ളച്ചാലിലെ റസാഖ് ആണ് ആ വലിയ മനസ്സിന്റെ ഉടമ. കാസര്‍ഗോഡ് ജില്ല ആശുപത്രിയിലെ അറ്റന്‍ഡറാണ് കൊടക്കാട് വെള്ളച്ചാലിലെ റസാഖ്.
ബുധനാഴ്ച രാവിലെ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെത്തിയതായിരുന്നു റസാഖ്. അപ്പോഴാണ് അവിടെ രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന അച്ഛനെയും അമ്മയെയും കണ്ടത്.
നായുടെ കടിയേറ്റ് ചൊവ്വാഴ്ച ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിയതായിരുന്നു അവര്‍. കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് നിര്‍ദേശിച്ചു.
എന്നാല്‍, കുഞ്ഞിനെയും കൊണ്ട് പോകാന്‍ പണമില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ മകനെയും കെട്ടിപ്പിടിച്ച് വേദനയോടെ കഴിയുകയായിരുന്നു അവര്‍.
അതേസമയം, അവരുടെ ദൈന്യാവസ്ഥ മനസ്സിലാക്കിയ റസാഖ് കൈയില്‍ ആകെയുണ്ടായിരുന്ന 5000 രൂപ അവര്‍ക്കു നല്കി ആശ്വസിപ്പിക്കുകയായിരുന്നു. പണം തിരിച്ചുതരേണ്ടതില്ലെന്നും കുട്ടിയെ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്നും റസാഖ് കുടുംബത്തോട് പറഞ്ഞു.
മുന്‍പരിചയം പോലുമില്ലെങ്കിലും റസാഖിന്റെ മുന്നില്‍ മനുഷ്യനെന്ന പരിഗണന മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ തുച്ഛ വരുമാനത്തില്‍ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് നീട്ടിയ ആ പണത്തിന് ഒരു ജീവന്റെ വിലയുണ്ടെന്ന് ആ കുടുംബം പറഞ്ഞു.
Discussion about this post