തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങൾ അടിച്ചുതകർത്ത യുവാവ് പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമാണ് പിടിയിലായത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. അക്രമി കാറുകളുടെ ചില്ലുകൾ അടിച്ച് തകർക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്കെറിയുകയും ചെയ്തു.
സുരക്ഷിത സ്ഥലമെന്ന കരുതി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടമകൾ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകൾ തർത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിൻറെ സീറ്റിൽ രക്തക്കറയുണ്ട്. പക്ഷെ ഇത്രയും കാറുകൾ നശിപ്പിച്ചിട്ടും കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാർ വിവരം അറിഞ്ഞിരുന്നില്ല.