രാമനാട്ടുകര: മകന്റെ വിവാഹത്തിന് മുമ്പ് തന്നെ മരുമകളെ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിരിയ്ക്കുകയാണ് ചേളാരി സ്വദേശി കെ മോഹന്‍ദാസ്. ചേളാരി തയ്യിലക്കടവില്‍ റേഷന്‍കട നടത്തുകയാണ് മോഹന്‍ദാസ്. മകന്‍ അരുണ്‍ ദാസിന്റെ വിവാഹ ക്ഷണക്കത്ത് റേഷന്‍ കാര്‍ഡിന്റെ രൂപത്തിലിറക്കിയിരിക്കുകയാണ് ഇദ്ദേഹം.
33 വര്‍ഷമായി റേഷന്‍കട നടത്തുന്നതിനാല്‍ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സില്‍ വന്നില്ലെന്ന് വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ മോഹന്‍ദാസ് പറയുന്നു.
ആഡംബരം ഒഴിവാക്കി ആവശ്യത്തിനു മുന്‍ഗണന നല്‍കുന്ന സ്ഥലമാണ് റേഷന്‍ കട എന്ന പോലെ വിവാഹ ക്ഷണക്കത്തിലും ഇവിടെ ആഡംബരം ഒഴിവാക്കിയിരിക്കുന്നു.
തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയെയാണ് അരുണ്‍ദാസ് വിവാഹം കഴിയ്ക്കുന്നത്. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുന്‍പേജ്. റേഷന്‍ കാര്‍ഡ് നമ്പറിനു പകരം സ്വന്തം ഫോണ്‍ നമ്പറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ദുബായില്‍ ബിസിനസ് നടത്തുകയാണ് മകന്‍ അരുണ്‍ദാസ്. ഈ മാസം 28ന് വധൂഗൃഹത്തില്‍വച്ചാണ് വിവാഹം. ശേഷം സ്വവസതിയില്‍വച്ച് സൗഹൃദ സല്‍ക്കാരവും. എന്തായാലും ലളിതവും വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.
Discussion about this post