പാലക്കാട്: കഞ്ചാവ് രഹസ്യമായി വളർത്തി വിളവെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ അതീവ രഹസ്യമായി ദൗത്യത്തിനിറങ്ങിയ പോലീസ് സംഘം മലമ്പുഴയിലെ ഉൾവനത്തിൽ അകപ്പെട്ടു. മലമ്പുഴവനത്തിൽ പരിശോധന നടത്താനിറങ്ങിയ പാലക്കാട് നർക്കോട്ടിക് ഡിവൈഎസ്പി സിഡി ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരാണ് വനത്തിലകപ്പെട്ടത്. ഒടുവിൽ ഒന്നരദിവസത്തെ തിരച്ചിലിന് ഒടുവിൽ പോലീസ് സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും ചേർന്ന് നാട്ടിലെത്തിച്ചു.
വഴി തെറ്റിയാണ് പോലീസ് സംഘം ഉൾവനത്തിൽ കുടുങ്ങിയത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വനംവകുപ്പിന്റെയും ആദിവാസികളുടെയും നേതൃത്വത്തിലുള്ള തിരച്ചിൽ സംഘമാണ് ഇവരെ കണ്ടെത്തിയത്. മലമ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്എച്ച്ഒ ബി സുനിൽ കുമാർ, വാളയാർ സബ് ഇൻസ്പെക്ടർ രാജേഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്ഐ ജലീൽ എന്നിവരടക്കമുള്ള പോലീസുദ്യോഗസ്ഥരും മാവോവാദിവിരുദ്ധ സേനാംഗങ്ങളുമാണ് കാട്ടിനകത്ത് കുടുങ്ങിയത്.
പാറപ്പെട്ടിയെന്ന സ്ഥലത്ത് കഞ്ചാവുചെടി വളർത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഇവർ ക0ാടുകയറിയത്. മലമ്പുഴയിൽനിന്ന് അയ്യപ്പൻപൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി 15 കിലോമീറ്ററിലധികം സഞ്ചരിച്ച് ഉൾക്കാട്ടിലേക്ക് പ്രവേശിച്ച സംഘത്തെ തളർത്തിയത് കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ്. ഇതോടെ വഴിയറിയാതെ സംഘം കുടുങ്ങി. ഇന്റർനെറ്റ് സംവിധാനം പൂർണമായി നിലച്ചതും തിരിച്ചടിയായി.
സംഘത്തിലുള്ളവർ വെള്ളിയാഴ്ച രാത്രിതന്നെ പോലീസുകാരെ ഫോണിൽ വിവരമറിയച്ചതോടെയാണ് ഇവർ കാട്ടിൽക്കുടുങ്ങിയ വിവരമറിഞ്ഞത്. രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ ദൗത്യം ചൊവ്വാഴ്ച രാവിലെയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് വഴിതെറ്റിയവരെ കണ്ടെത്താൻ പുറപ്പെട്ടത്. പുതുശ്ശേരി നോർത്ത് വനംവകുപ്പ് സെക്ഷൻ ഓഫീസിൽനിന്ന് എട്ടംഗസംഘവും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് 11 അംഗങ്ങളുള്ള മറ്റൊരു സംഘവും പുലർച്ചെ അഞ്ചരയോടെ തിരച്ചിലിനിറങ്ങി. ഒടുവിൽ രാത്രിയോടെ അരുവിയോട് ചേർന്നുള്ള പാറപ്പുറത്തു നിന്നും സംഘത്തെ കണ്ടെത്തുകയായിരുന്നു.
വനംവകുപ്പിനെ ഒപ്പം കൂട്ടിയാണ് കാട് കയറേണ്ടതെങ്കിലും ചില അടിയന്തര സാഹചര്യങ്ങളിൽ അതിന് സാധിക്കാറില്ലെന്ന് നർക്കോട്ടിക് ഡിവൈഎസ്പി സിഡി ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വിളവെടുപ്പ് നടക്കുന്നുവെന്ന വിവരം കിട്ടിയത്. പെട്ടെന്ന് കഞ്ചാവ് നശിപ്പിക്കേണ്ടതിനാലും വിവരം രഹസ്യമാക്കി സൂക്ഷിക്കേണ്ടതിനാലും ആണ് പെട്ടെന്ന് കാട് കയറിയത്. ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചിരുന്നു. ലഭിച്ച രഹസ്യവിവരം പൂർണമായും ശരിയായിരുന്നില്ലെന്നും കാട്ടിൽനിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
Discussion about this post