പുൽപള്ളി: ഗുരുതര രോഗം ബാധിച്ച യുവതിക്ക് ചികിത്സാ സഹായം നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ചാരിറ്റി പ്രവർത്തകനെയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്പിൽ ഷംസാദ് (24), റഹ്മത്ത്നഗർ മേനകത്ത് ഫസൽ മെഹമൂദ് (23), അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാൻ (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 27നായിരുന്നു ദാരുണസംഭവം. ഗുരുതര രോഗം ബാധിച്ച് ചികിത്സാ സഹായം തേടിയ യുവതിയെ ഇവർ സഹായ വാഗ്ദാനം നൽകി സമീപിക്കുകയായിരുന്നു. ഷംസാദ് ഇവരെ കണ്ടത്. പിന്നീട് യുവതിക്കുവേണ്ടി ചികിത്സാസഹായം അഭ്യർഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സഹായം നൽകാമെന്നു പറഞ്ഞ് എറണാകുളത്തേക്ക് എത്തിച്ചത്.
ഹോട്ടലിൽ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതി ഷംസാദ് സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു. ബത്തേരി ഡിവൈഎസ്പി വിഎസ് പ്രദീപ്കുമാർ, പുൽപള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെജി പ്രവീൺകുമാർ, എസ്ഐ കെഎസ് ജിതേഷ്, പുല്പള്ളി സ്റ്റേഷനിലെ പോലീസുകാരായ എൻവി മുരളീദാസ്, പിഎ ഹാരിസ്, അബ്ദുൾ നാസർ, വിഎം വിനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Discussion about this post