പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ രക്ഷാ ദൗത്യ സംഘം തിരികെ എത്തിച്ചു. കഞ്ചാവ് വേട്ടയ്ക്കായി പോയ 14 അംഗ പോലിസ് ഉദ്യോഗസ്ഥരാണ് വനത്തില്‍ കുടുങ്ങിയത്.
ഇന്നലെ രാവിലെ എട്ടോടെയാണ് വനത്തിനകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനായി നര്‍ക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം മലമ്ബുഴ വഴി ഉള്‍ക്കാട്ടിലേക്ക് കടന്നത്.
ഉച്ചതിരിഞ്ഞ് മഞ്ഞ് മൂടുകയും ദിക്ക് തെറ്റുകയും ചെയ്തു. മഴ കൂടി എത്തിയതോടെ കാട്ടിനുളളിലെ പാറപ്പുറത്ത് തങ്ങാന്‍ സംഘം തീരുമാനിച്ചു. കാട്ടിനുള്ളിലെ പരിമിതമായ റേഞ്ചില്‍ വിവരം പുറത്തെത്തിച്ചു.
പുലര്‍ച്ചയോടെ രണ്ട് രക്ഷാദൗത്യ സംഘങ്ങള്‍ വനത്തിലേക്ക് പുറപ്പെട്ടു. വാളയാറിലൂടെ കയറിയ സംഘം കാട്ടാനയ്ക്ക് മുന്നില്‍ പെട്ടെങ്കിലും ശബ്ദമുണ്ടാക്കി ആനയെ തുരത്തിയാണ് ദൗത്യം തുടര്‍ന്നത്. 12 മണിയോടെ മലമ്പുഴയില്‍ നിന്നും പോയ സംഘം ഉദ്യോഗസ്ഥരെ കണ്ടെത്തി. വൈകീട്ട് അഞ്ചു മണിയോടെ രക്ഷാദൗത്യസംഘം പോലീസുകാരുമായി കാടിന് പുറത്തെത്തി.
രക്ഷാദൗത്യ സംഘം എത്തിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് കാട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post