തിരുവനന്തപുരം: ടെലിവിഷന്‍ ചാനല്‍ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ കബിളിപ്പിച്ചെന്ന് മോന്സണ് മാവുങ്കല്‍. സംസ്കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്കി. തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് എത്തിച്ചപ്പോഴാണ് മോന്സണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോന്‍സന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ക്രൈംബ്രാഞ്ച് യൂണിറ്റ് രണ്ട് കേസുകളാണ് മോന്‍സണിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. അതിലൊന്ന് സംസ്കാര ടിവിയുമായി ബന്ധപ്പെട്ട കേസാണ്. സംസ്കാര ചാനലില്‍ 1.51 കോടി രൂപയുടെ ഓഹരികള്‍ തട്ടിയെടുത്ത കേസിലെ അന്വേഷണത്തില്‍ രണ്ടാം പ്രതിയാണ് മോന്സണ്.
ഒന്നാം പ്രതിയായ ഹരിപ്രസാദും മോന്‍സണും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ തലസ്ഥാനത്തും സമാനമായ പുരാവസ്തു തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്കാര ചാനലിന് 10 ലക്ഷം രൂപ മോന്സണ് കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബിനാമി ജോഷി വഴിയാണ് പണം കൈമാറിയത്. സംസ്കാര ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
മ്യൂസിയം തുടങ്ങാന്‍ വേണ്ടിയാണ് താന്‍ സംസ്കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതെന്നും താന്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും മോന്സണ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ചാനലിന് പത്തുലക്ഷം രൂപ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. മോന്സണ് സംസ്കാര ടിവിയുടെ ഡയറക്ടറാണെന്ന് പറഞ്ഞ് വ്യാജപ്രചാരണം നടത്തുകയും ഒരുപാട് പേരില്‍ നിന്ന് പണം തട്ടുകയും ചെയ്തുവെന്നാണ് സംസ്കാര ചാനല്‍ നല്കിയ പരാതി.
പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതി മോന്സണ് മാവുങ്കലിനെതിരായ കൂടുതല്‍ തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ മീനച്ചില്‍ സ്വദേശി രാജീവിനെ പറ്റിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയ കേസിലുമായി 8 ദിവസം മോന്‍സണെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ കേസുകള്‍ മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കം ക്രൈം ബ്രാഞ്ച് സംഘം നടത്തുന്നത്. നിലവില്‍ 5 കേസുകളാണ് മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ കേസിലുമുളള അന്വേഷണം പുരോഗമിക്കുകയാണ്.
ചാനലുമായി ബന്ധപ്പെട്ട് എട്ട് കോടിയുടെ തിരിമറി നടന്നിരുന്നു ഇതിന് പിന്നിലും മോന്‍സനാണെന്ന സംശയം സംസ്കാര ചാനലിന്റെ ഉടമസ്ഥര്‍ ഉന്നയിച്ചിരുന്നു. കുമാരപുരത്തെ ടിവി സംസ്കാരയുടെ ഓഫീസില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
Discussion about this post