കണ്ണൂര്‍: രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 71കാരന്‍ അറസ്റ്റില്‍. എസ്.ബി.ടി. റിട്ട. ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം. അഷറഫാണ് (71) അറസ്റ്റിലായത്. അഷറഫിന്റെ സഹോദരന്‍ പയ്യാമ്പലം റാഹത്ത് മന്‍സിലില്‍ പി.പി.എം. ഉമ്മര്‍കുട്ടിയാണ് രണ്ടാം പ്രതി. ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ പി.പി.എം. ഉമ്മര്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നടപടി ചട്ടവിരുദ്ധമാണെന്നും കോര്‍പ്പറേഷന് ഇത്തരം നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്നും നിര്‍ദേശിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഉമ്മര്‍കുട്ടി മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കി.
എന്നാല്‍, രാഷ്ട്രപതിയുടെ ‘ഉത്തരവ്’ ലഭിച്ച വിവരം സെക്രട്ടറി പോലീസില്‍ അറിയിച്ചു. ഉമ്മര്‍കുട്ടി നേരത്തെ ഈ ഉത്തരവിന്റെ പകര്‍പ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും അയച്ചിരുന്നു. ‘പ്രസിഡന്‍ഷ്യന്‍ ഡിക്രി’ എന്ന പേരില്‍ വളരെ വിശദമായി രാഷ്ട്രപതി നല്‍കിയ ഉത്തരവില്‍ മന്ത്രിസഭയുടെ അധികാരമില്ലാതെ പാസാക്കിയ മുനിസിപ്പല്‍ ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്നും അത് നിലനില്‍ക്കില്ലെന്നും പറയുന്നു. രാഷ്ട്രപതിയുടെ ഉത്തരവില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്, ഉമ്മര്‍കുട്ടിയുടെ സഹോദരന്‍ അഷറഫിനെ എ.സി.പി. പി.പി. സദാനന്ദന്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.
അഷറഫ് നടത്തിയ തട്ടിപ്പ് ഇങ്ങനെ:
പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള രാഷ്ട്രപതിയുടെ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പരാതി നല്‍കിയ അഷറഫ് അതില്‍ രാഷ്ട്രപതിയുടെതെന്ന മട്ടില്‍ വ്യാജ മറുപടിയും സ്‌കാന്‍ ചെയ്ത് കയറ്റി. ഇതോടെ വെബ്സൈറ്റ് പരിശോധിക്കുന്ന ആര്‍ക്കും ഈ മറുപടിയും കാണാന്‍ പറ്റും. ഇതിന്റെ പകര്‍പ്പെടുത്ത് നല്‍കിയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്.
Discussion about this post