ആലപ്പുഴ: പൊതിച്ചോറില്‍ കറികളില്ലെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയതിനു പിന്നാലെ പ്രിയമേറി ജനകീയ ഹോട്ടലുകള്‍. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറില്‍ ആവശ്യത്തിനു കറികളില്ലെന്ന് മനോരമ ചാനല്‍ നല്കിയ വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തുടക്കം.
ഇതോടെ ജനകീയ ഹോട്ടലിലേയ്ക്ക് ജനം ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച മാത്രം 1,74,348 പേര്‍ക്കാണു ഭക്ഷണം വിളമ്പിയത്. ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയര്‍ന്നു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജനകീയ ഹോട്ടല്‍ ഭക്ഷണം വിളമ്പിയത്. 2,500 പേര് ഈ ദിവസങ്ങളില്‍ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകള്‍ നല്കി എറണാകുളവും 700-ഓളം ഊണുകള്‍ വിറ്റ് പാലക്കാടും പിന്നിലുണ്ട്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്കു പ്രതിദിനം ഭക്ഷണം നല്‍കിവരുന്നത്. 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു. 22,490 ഊണ് നല്കി തിരുവനന്തപുരവും 18,891 ഊണ് നല്കി മലപ്പുറവും രണ്ടുംമൂന്നും സ്ഥാനത്തുണ്ട്. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യമിട്ടാണു ജനകീയ ഹോട്ടലുകള്‍ക്ക് തുടക്കം കുറിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച് ആരംഭിച്ചതാണിവ.
20 രൂപയ്ക്കു തനി നാടന്‍ ഊണു നല്കുന്ന പദ്ധതി കുടുംബശ്രീയാണു നടത്തിവരുന്നത്. ഊണ് ഒന്നിന് 10 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്സിഡിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്. വിവാദം കത്തിയതോടെ വരുംദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണു കുടുംബശ്രീ വനിതകള്‍.
Discussion about this post