കൊച്ചി: 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ശ്രീനിവാസന് നോട്ടീസ്. വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലിനെതിരെ പരാതി നല്കിയവര് തട്ടിപ്പുകാര്‍ എന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.
വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ചാനല്‍ അഭിമുഖത്തില്‍, മോന്സന് പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.
ശ്രീനിവാസന്റെ പരാമര്‍ശം;
’10 കോടി രൂപ നല്കിയെന്നു പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതില്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണ്. നിഷ്കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും. അപ്പോള്‍ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്. മറ്റു പലരില്‍നിന്നു പണം വാങ്ങിയാണ് അയാള്‍ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാന്‍ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കില്‍ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതില്‍ വീണവര്‍ക്കാണ് പണം നഷ്ടമായത്. അത്യാര്‍ത്തിയുള്ളവര്‍ക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ.
Discussion about this post