തിരുവനന്തപുരം: കേരള പോലീസിന് ഇത് അഭിമാന നിമിഷം. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക്. മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നിന്ന് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും കെഎപി മൂന്നാം ബറ്റാലിയനിലെ അരുണ്‍ അലക്‌സാണ്ടറും ഇടുക്കി ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പികെ അനീഷുമാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക് പ്രവേശിക്കുന്നത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാര്‍ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 2017ല്‍ പോലീസില്‍ ചേര്‍ന്നു.
തൃശൂരിലെ പൊലീസ് പരിശീലനകേന്ദ്രത്തില്‍ രണ്ടുവര്‍ഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയത്. മുന്‍ എംഎസ്പി കമാഡന്റ് അബ്ദുല്‍ കരീം, എസ്‌ഐഎസ്എഫ് കമാന്റന്റ് സിജിമോന്‍ ജോര്‍ജ് എന്നിവരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് തനിക്ക് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്ന് ആനന്ദ് പറഞ്ഞു.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ഇപ്പോള്‍ ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. 59-ാം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്. രാജകുമാരി എന്‍എസ്എസ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ബിരുദവും തൊടുപുഴ ഐഎച്ച്ആര്‍ഡിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും നേടിയശേഷം 2005ലാണ് പോലീസില്‍ പ്രവേശിച്ചത്. വിജയത്തില്‍ സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ നന്ദിയുണ്ടെന്നും അനീഷ് പറഞ്ഞു.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ അരുണ്‍ അലക്‌സാണ്ടര്‍ 46-ാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നേട്ടം കൈവരിച്ചത്. 2011ല്‍ സ്‌പോര്‍ട്‌സ് ഹവില്‍ദാര്‍ നിയമനത്തിലൂടെ കെഎപി മൂന്നാം ബറ്റാലിയന്റെ ഭാഗമായി പോലീസിലെത്തി.
സേനയുടെ ഭാഗമായിരിക്കെത്തന്നെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ ചരിത്രത്തില്‍ വിദൂരപഠനത്തിലൂടെ ബിരുദം നേടി. അസിസ്റ്റന്റ് കമാന്റന്റ് കെഎസ്. ബിജു, മറ്റു സഹപ്രവത്തകര്‍ എന്നിവരുടെ സഹായസഹകരണവും പ്രചോദനവുമാണ് തനിക്ക് ഈ വിജയം നല്‍കിയതെന്ന് അരുണ്‍ പറഞ്ഞു.
മൂന്ന് സ്ട്രീമുകളില്‍ ആയി പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍ ആദ്യ രണ്ട് സ്ട്രീമുകളിലും ഉന്നത വിജയം കരസ്ഥമാക്കിയത് വനിതകളാണ്. സംസ്ഥാന സര്‍വീസില്‍ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് കെഎഎസ്. മൂന്ന് സ്ട്രീമുകളിലായി 105 പേര്‍ നിയമനം നേടും. സ്ട്രീം ഒന്നില്‍ 122 പേര്‍ യോഗ്യത നേടി. മാലിനി എസിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നന്ദന എസ് പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍, നാലാം റാങ്ക്. ആതിര എസ്വി, അഞ്ച് ഗൗതമന്‍ എം.
29 സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സ്ട്രീം രണ്ടില്‍ അഖില ചാക്കോയ്ക്കാണ് ഒന്നാം റാങ്ക്. ജയകൃഷ്ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിബു എസ് ലോറന്‍സ്, ജോഷോ ബെനട്ട് ജോണ്‍ എന്നിവര്‍ മുന്നിലെത്തി. 183 പേരാണ് രണ്ടാം സ്ട്രീമിലെ റാങ്ക് പട്ടികയിലുള്ളത്.
182 പേരുള്‍പ്പെട്ട സ്ട്രീം മൂന്നില്‍ അനൂപ് കുമാര്‍ വി ഒന്നാം സ്ഥാനത്ത് എത്തി. അജീഷ് കെ, പ്രമോദ് ജി വി, ചിത്രലേഖ കെ കെ, സനോബ് വി എന്നിവര്‍ ആദ്യ സ്ഥാനങ്ങളും കരസ്ഥമാക്കി.