തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്ത് വിദേശമദ്യം ഓൺലൈനായി ബുക്ക് ചെയ്യാം. കൺസ്യൂമർഫെഡിന്റെ എല്ലാ വിദേശമദ്യ വിൽപനശാലകളിലും ഓൺലൈൻ ബുക്കിങ് സംവിധാനം സജ്ജമാക്കിയിരിക്കുകയാണ്. പണമടച്ച് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി വിൽപനശാലകളിലെത്തി ക്യൂ നിൽക്കാതെ മദ്യം വാങ്ങാമെന്നതാണ് സവിശേഷത. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൺസ്യൂമർഫെഡ് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയത്.
കൺസ്യൂമർഫെഡാണ് സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വിൽപനയ്ക്ക് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. fl.consumerfed.in എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് സ്വീകരിക്കുക. ഈ വെബ്‌സൈറ്റിൽ ഫോൺ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭ്യമാകും. ഇതിന് ശേഷം പേര് നൽകി, മദ്യം വാങ്ങുന്നയാൾ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം. പിന്നീട് ആവശ്യമുള്ള വിദേശ മദ്യം തെരഞ്ഞെടുക്കാം.
ഓൺലൈനിലൂടെ ബിയറും, വൈനുമടക്കം ലഭ്യമാണ്. തെരഞ്ഞെടുക്കുന്ന മദ്യം കാർട്ടിൽ ഉൾപ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കാം. മദ്യം ഡെലിവറിക്ക് തയാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വിൽപശാലയിലെത്തിയാൽ മദ്യം ലഭിക്കും.
മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കണമെന്നും, സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സൗകര്യം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post