തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്-കെഎഎസ് സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടിയ മാലിനി ശ്രീ സിവില്‍ സര്‍വീസ് പരീക്ഷയിലെ 135-ാം റാങ്കുകാരി. ഇരട്ട റാങ്കിന്റെ തിളക്കത്തിലാണ് മാവേലിക്കര സ്വദേശിയായ മാലിനി. സിവില്‍ സര്‍വീസില്‍ മാലിനി ഐഎഫ്എസാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
അഭിഭാഷകനായ കൃഷ്ണകുമാറിന്റേയും റിട്ട. അധ്യാപികയായ ശ്രീലതയുടേയും മകളാണ് മാലിനി. എഴുത്തുകാരനായിരുന്ന എരുമേലി പരമേശ്വരന് പിള്ളയുടെ കൊച്ചുമകളും കൂടിയാണ് മാലിനി ശ്രീ.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്എന്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ലിഗ്വിസ്റ്റിക്കില് ബിരുദാനന്തര ബിരുദവും നേടി.
2017 ല്‍ 25-ാം വയസിലാണ് സിവില്‍ സര്‍വീസ് നേടാന്‍ മാലിനി ശ്രമം ആരംഭിച്ചത്. ആദ്യ അവസരത്തില്‍ ഇന്റര്‍വ്യുവില്‍ പരാജയപ്പെട്ടെങ്കിലും ഇത്തവണ തന്റെ ലക്ഷ്യത്തിലെത്താന്‍ മാലിനിക്ക് കഴിഞ്ഞു.
പ്ലസ്ടു പഠനത്തിന് ശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാഗ്വേജസ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ മാലിനി നിലവില്‍ ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുകയാണ്. ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുത്ത് പഠനം തുടര്‍ന്നാണ് നേട്ടം കൈവരിച്ചത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായ നന്ദിനി സഹോദരിയാണ്.
Discussion about this post