തിരുവനന്തപുരം: പുന:സംഘടനയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറിയും അച്ചടക്കനടപടികളും തുടരുന്നു. അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യവിമര്‍ശനം നടത്തിയ മുന്‍ സെക്രട്ടറി എകെ നസീറിനെതിരെയാണ് ഒടുവില്‍ സ്വീകരിച്ച അച്ചടക്കനടപടി. കെ. സുരേന്ദ്രന്റെ നേതൃത്വം ഗുണകരമല്ലെന്നാണ് പരസ്യവിമര്‍ശനം ഉന്നയിച്ചത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇത് പരസ്യപൊട്ടിത്തെറിയുടെ തുടക്കമാണ് എകെ നസീറിന്റെ വിമര്‍ശനം. ബിജെപി മെഡിക്കല്‍ കോഴ അന്വേഷിച്ച് പാര്‍ട്ടി കമ്മീഷന്‍ അംഗമായ നസീര്‍, റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്ക് ഉന്നത സ്ഥാനം നല്‍കിയെന്ന് വിമര്‍ശിച്ചു. തൃശൂരിലെ വര്‍ഗീയവാദി നേതാവിന് പ്രധാനസ്ഥാനം നല്‍കിയെന്നും പാര്‍ട്ടിയിലെ ന്യൂനപക്ഷനേതാക്കളെ ഒതുക്കുകയാണെന്നും നസീര്‍ കുറ്റപ്പെടുത്തി.
അതേസമയം, കൂടുതല്‍ പേര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ വേളയില്‍ അച്ചടക്ക നടപടികളും തുടരും. ബിജെപിയില്‍ കെ.സുരേന്ദ്രന്റെ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചതോടെയാണ് വിമര്‍ശകര്‍ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് പിന്നാലെ നേതൃമാറ്റ ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്രം സുരേന്ദ്രനെ തുണച്ചതും എതിര്‍പ്പ് ഉയര്‍ത്തിയവരെ പുനസംഘടനയില്‍ വെട്ടിമാറ്റിയതുമാണ് പരസ്യ പോരിന് വഴിവെച്ചത്.