സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ സമൂഹം മുന്നോട്ടുവരണം: മൂസക്കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മകളെ പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായി ഗവര്‍ണര്‍ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവര്‍ണര്‍ സ്ത്രീധനം വാങ്ങുന്ന പുരുഷന്മാര്‍ സമൂഹത്തിന് നാണക്കേട് ആണെന്ന് അഭിപ്രായപ്പെട്ടു.

സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണം. സ്ത്രീധന പീഡനങ്ങള്‍ തടയുന്നതിന് സമൂഹത്തിനാണ് വലിയ പങ്ക് വഹിക്കാന്‍ കഴിയുകയെന്നും ഗവര്‍ണര്‍ പറഞ്ഞു. ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മൂസക്കുട്ടിയുടെ വീട് താന്‍ സന്ദര്‍ശിച്ചതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീധനത്തില്‍ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് സന്ദര്‍ശന ശേഷം മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകളെ തുല്യരായി കാണാന്‍ സാധിക്കണം. കുറ്റകൃത്യം നടന്ന് കഴിഞ്ഞ ശേഷം പ്രതികരിക്കുന്ന രീതി അവസാനിപ്പിക്കണം.

മൂസക്കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മകള്‍ ഹിബയുടെ ഭര്‍ത്താവ് തെഞ്ചീരി സ്വദേശി കുറ്റിക്കാടന്‍ അബ്ദുള്‍ ഹമീനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അരീക്കോട് കുനിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

രണ്ടാഴ്ച മുമ്പാണ് മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് സഹിക്കാനാവാതെ പിതാവ് മൂസക്കുട്ടി തൂങ്ങി മരിച്ചത്. സങ്കടം വെളിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചശേഷമായിരുന്നു ആത്മഹത്യ.

Exit mobile version