തൃശ്ശൂര്‍: സംഘപരിവാര്‍ മുഖമായിരുന്ന കെ കേശവദാസ് ഇനി സിപിഎമ്മിനൊപ്പം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചത്.
ബിജെപി മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് കേശവദാസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കേശവദാസിന്റെ സംഘപരിവാറുമായുള്ള അകല്‍ച്ചക്ക് കാരണമായത്. ബി.ജെ.പി. സംസ്ഥാനനേതാവായ ബി. ഗോപാലകൃഷ്ണനുമായുള്ള തര്‍ക്കം നിയമനടപടികളിലേക്കും കടന്നിരുന്നു.
കോണ്‍ഗ്രസിന്റെ കുത്തക ഡിവിഷനായിരുന്ന കുട്ടന്‍കുളങ്ങര പിടിച്ചെടുക്കാന്‍ നേതൃത്വംനല്‍കിയത് കേശവദാസ് ആയിരുന്നു. ഐ. ലളിതാംബിക വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ബി. ഗോപാലകൃഷ്ണന്‍ ഈ സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സംഘപരിവാര്‍ നേതൃത്വത്തിന് സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം കൈകൊണ്ട്. കേശവദാസ് നീണ്ട 16 വര്‍ഷം ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. നാലുവര്‍ഷം യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുമായിരുന്നു. പൂങ്കുന്നം ഗണേശോത്സവം, മണ്ഡലകാലത്തെ 41 ദിവസത്തെ അന്നദാനം എന്നിവയുടെയെല്ലാം നേതൃത്വം കേശവദാസിനായിരുന്നു.
Discussion about this post