പ്രീതിയുടെ മരണം; 84 ലക്ഷം രൂപയും 120 പവനും അവര്‍ക്ക് പോരായിരുന്നു, അവള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയെന്ന് കുടുംബം, ഭര്‍ത്താവ് അറസ്റ്റില്‍

പൂനെ: പൂനെയില്‍ മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബുധനാഴ്ചയാണ് 29-കാരിയായ പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നും മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും പ്രീതിയുടെ അച്ഛന്‍ ആരോപിച്ചു. മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. പ്രീതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

പ്രീതിയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

അഖിലിനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഭര്‍തൃമാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്‌കരിക്കും. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version