തിരുവനന്തപുരം: ഇനി മുതൽ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് വേണ്ട. അപേക്ഷകൾക്കുള്ള നിബന്ധനകളും നടപടിക്രമവും ലളിതമാക്കും. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാകും ഇനി മുതൽ സർട്ടിഫിക്കറ്റുകൾ നൽകുക. സർക്കാർ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ജനങ്ങൾക്ക് എത്രയും എളുപ്പം ലഭ്യമാകും വിധം എല്ലാ നിബന്ധനകളും നടപടി ക്രമങ്ങളും ലളിതമാക്കാനാണ് മന്ത്രിസഭ തീരുമാനം
ഇനി മുതൽ വ്യക്തികൾക്ക് സർക്കാർ സേവനത്തിന് ഫീസിനത്തിൽ പണം നൽകേണ്ടതില്ല. ബിസിനസ് വാണിജ്യ ആവശ്യങ്ങൾക്ക് ഫീസ് തുടരും. സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി.
ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് എന്ന് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തില്ല. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സർട്ടിഫിക്കറ്റുകളും രേഖകളും നോട്ടറിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം എന്ന വ്യവസ്ഥ ഒഴിവാക്കി. അപേക്ഷകന് ഇവ സ്വയം സാക്ഷ്യപ്പെടുത്താം. കേരളത്തിൽ ജനിച്ചവരുടെ ജനന സർട്ടിഫിക്കറ്റ് , അഞ്ചു വർഷം പഠിച്ചതിന്റെ തെളിവ്, സത്യപ്രസ്താവന എന്നിവ നേറ്റിവിറ്റി രേഖയായി കരുതും.
തിരിച്ചറിയൽ രേഖ കിട്ടാൻ ഗസറ്റഡ് ഓഫീസർ നൽകുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് മതിയാകും. വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തുന്നത് ജാതി സർട്ടിഫിക്കറ്റിയി കണക്കാക്കും. വിദേശത്ത് പോകുന്നവർക്ക് ആഭ്യന്തര വകുപ്പിന്റെ ക്ളിയറൻസിനായി ഓൺലൈനായി രേഖകൾ നൽകാം.
റസിഡന്റ് സർട്ടിഫിക്കറ്റിന് പകരം ആധാർ, വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവ മതി. വിദ്യാഭ്യാസരേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ട. ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ ഉപയോഗിക്കാം. റേഷൻ കാർഡ് ആധാർ തുടങ്ങിയവ ബന്ധുത്വ രേഖക്ക് പകരമാണ്.ഈ സമഗ്രമായ മാറ്റങ്ങളിലൂടെ സാധാരണക്കാർക്ക് സേവനങ്ങൾ സൗജന്യമായും എളുപ്പത്തിലും നൽകാനും കാലതാമസം, കൈക്കൂലി എന്നിവ ഒഴിവാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
Discussion about this post