കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ആഡംബര കാറുകളുടെ ഉടമ മോന്‍സണല്ല. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ല, എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതാണ്. വിശദാംശങ്ങള്‍ തേടി ഇതര സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുകളെ സമീപിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
മോന്‍സണ്‍ പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്റിന്റെ രജിസ്ട്രേഷന്‍ 2019ല്‍ അവസാനിച്ചതാണ്. ഹരിയാന രജിസ്ട്രേഷന്‍ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് പോലുമില്ല. വരുന്നവരോടെല്ലാം വലിയവായില്‍ മോന്‍സണ്‍ തലയെടുപ്പോടെ പറഞ്ഞിരുന്ന ലക്സസ്, റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പര്‍ പ്ലേറ്റിലാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.
മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കാറുകളില്‍ ചിലത് പാട്ടവണ്ടികളാണെന്നും, റോഡിലിറക്കാന്‍ കഴിയാത്തവയാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. മിക്ക വാഹനങ്ങളുടെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാന്‍ ഇവ വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.