കൊച്ചി: കൊച്ചിയില്‍ ഇനി പത്ത് രൂപയ്ക്ക് വയറുനിറയെ ഉച്ച ഭക്ഷണം കഴിക്കാം.
കൊച്ചി കോര്‍പറേഷന്റെ സ്വപ്ന പദ്ധതിയായ സമൃദ്ധി@കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടല്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വൈകീട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.
എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലാണ് ഉദ്ഘാടന വേദി. ഇവിടെയുള്ള കേന്ദ്രീകൃത അടുക്കളയിലാണ് ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നത്. മിതമായ നിരക്കില്‍ നഗരത്തില്‍ ഏവര്‍ക്കും ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ കോര്പറേഷന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ്രഹിത കൊച്ചി എന്ന ആശയം എന്‍യുഎല്‍എം പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത കിച്ചനാണ് ഹോട്ടലില്‍ തയ്യാറാക്കിയിട്ടുളളത്. ഇവിടേക്ക് ആവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പാണ് സംഭാവന ചെയ്തിരിക്കുന്നത്. സ്കൂള്‍ ഒഫ് ആര്‍ക്കിടെക്ട് (എസ്സിഎംഎസ്) ഹോട്ടലിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചു.
കൊച്ചി കോര്‍പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. സാമ്പാര്‍ അല്ലെങ്കില്‍ ഒരു ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണിലുണ്ടാകുക. പാഴ്സല്‍ വാങ്ങണമെങ്കില്‍ 15 രൂപയാകും. 11 മുതല്‍ 3 വരെയാണ് ഉച്ചയൂണ് ലഭിക്കുക.
മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള പ്രത്യേക വിഭവങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കും. കുടുംബശ്രീ ഔട്ട്ലെറ്റുകള് വഴി കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണം എത്തിക്കാനാണ് കോര്പറേഷന് ലക്ഷ്യമിടുന്നത്.
ജില്ല മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ എഐഎഫ്ആര്എച്ച്എമ്മാണ് ജനകീയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷനാകും.
Discussion about this post