തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയിലുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വ്യക്തത വരുത്തിയത്. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. കൊവിഡ് മാനദണ്ഡം പാലിച്ചാവും നല്‍കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേയ്ക്ക് മാറ്റും. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അതിനായി എല്ലാ സ്കൂളുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും. അതത് സ്കൂളുകളിലെ പി.ടി.എയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക. സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post