എഞ്ചിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ 78 പേർ ആൺകുട്ടികൾ

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ട് എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51031 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് യോഗ്യത നേടി. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.

എഞ്ചിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയൻ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കിൽ 78 പേർ ആൺകുട്ടികളാണ്. ന്നാം റാങ്ക് നേടിയ ഫെയിസ് ഹാഷിമിനെ മന്ത്രി ആർ. ബിന്ദു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ഫാർമസിയിൽ ഒന്നാം റാങ്ക് ഫാരിസ് അബ്ദുൾ നാസർ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആർകിടെക്ട്ചറിൽ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി. എഞ്ചിനീയറിങ്ങിൽ ആദ്യ 5000 റാങ്കിൽ 2112 കുട്ടികൾ കേരള ഹയർസെക്കൻഡറിയിൽ പാസായി യോഗ്യത നേടിയവരാണ്.

ഒക്ടോബർ 11നാണ് ആദ്യ അലോട്ട്‌മെന്റ്. ഒക്ടോബർ 25നകം പ്രവേശനം പൂർത്തിയാക്കും.റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Exit mobile version