തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസുകാരിയുടെ യൂണിഫോം നഷ്ടമായി. ഈ ഉദ്യോഗസ്ഥയെ യൂണിഫോം ജോലിയിൽനിന്നു മാറ്റാൻ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു. പൊതുജനങ്ങളുമായി സമ്പർക്കമുണ്ടാകുന്ന ഡ്യൂട്ടി ഒഴിവാക്കണമെന്നും പോലീസുകാരിക്കെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
ജനങ്ങളോട് ഇടപെടാൻ പിങ്ക് പോലീസിനു പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. ആറ്റിങ്ങൽ ഊരൂപൊയ്ക സായ്ഗ്രാമത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജയചന്ദ്രനെയും (38) മകൾ എട്ടുവയസുകാരിയെയുമാണ് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ചത്.
ഐഎസ്ആർഒയിലേക്കു കൂറ്റൻ കാർഗോയുമായി വന്ന വാഹനം കാണാൻ മൂന്നു മുക്കിൽ സ്‌കൂട്ടറിൽ എത്തിയതായിരുന്നു പിതാവും മകളും. പോലീസിലെ വനിതാ വിഭാഗമായ പിങ്ക് പോലീസിന്റെ വാഹനത്തിൽനിന്ന് ജയചന്ദ്രൻ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു അപമാനം. ഫോണെടുത്തില്ലെന്ന് ഇരുവരും ആവർത്തിച്ചെങ്കിലും ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ട് രജിതയെന്ന പോലീസുകാരി ബഹളം വെയ്ക്കുകയായിരുന്നു. സ്റ്റേഷനിലേക്കു കൊണ്ടുപോകുമെന്നു പറഞ്ഞതോടെ ഭയന്ന കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് നാട്ടുകാർ ഇടപെട്ടത്. പിന്നീട് ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോൾ പിങ്ക് പോലീസിന്റെ വാഹനത്തിൽ നിന്നു തന്നെ മൊബൈൽ ഫോൺ കണ്ടെടുക്കുകയും ചെയ്തിരുന്നു.
പരിസരത്തുണ്ടായിരുന്ന യുവാക്കൾ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പോലീസുകാരിക്കു വീഴ്ച പറ്റിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ദക്ഷിണമേഖല ഐജിയും സംഭവം അന്വേഷിച്ചു. പിന്നീട് പോലീസുകാരിയെ പിങ്ക് പോലീസിൽനിന്നു സ്ഥലം മാറ്റി.