ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന രക്ഷകർക്കായി സർക്കാർ പാരിതോഷികം ഏർപ്പെടുത്തി. 5000 രൂപയാണ് സർക്കാർ പാരിതോഷികം നൽകുക. ഇതോടൊപ്പം പ്രശംസാപത്രവും നൽകും.
അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ അവർ’ എന്നു വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കായിരിക്കും പാരിതോഷികം.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പോലീസ് നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാതല സമിതി ഓരോ മാസവും യോഗം ചേർന്ന് തീരുമാനമെടുക്കും.
പാരിതോഷികം നൽകുന്ന കാര്യത്തിൽ ജില്ലാതല സമിതിയുടെ ശുപാർശ സംസ്ഥാന ഗതാഗത കമ്മിഷണർ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. പദ്ധതി വിലയിരുത്താൻ സംസ്ഥാനങ്ങളിൽ സെക്രട്ടറിതല മേൽനോട്ട സമിതി രൂപവത്കരിക്കും.
ഒക്ടോബർ 15ന് നിലവിൽവരുന്ന പദ്ധതി 2026 മാർച്ച്31 വരെ തുടരും. വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല. പ്രധാന ശസ്ത്രക്രിയ, ചുരുങ്ങിയത് മൂന്നുദിവസം ആശുപത്രിയിൽ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉൾപ്പെടുന്ന അപകടങ്ങളാണ് ‘മാരക അപകടങ്ങൾ.’
അപകടസ്ഥലത്തുനിന്ന് ഒരു ‘ശമരിയാക്കാരൻ’ ഒന്നിലധികംപേരെ മരണത്തിൽനിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം. വലിയ അപകട സ്ഥലത്തുനിന്ന്് ഒന്നിലധികംപേർ ചേർന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കിൽ 5000 രൂപ എല്ലാവർക്കുമായി വീതിക്കും. ഒന്നിലധികം നല്ല ‘ശമരിയാക്കാർ’ ചേർന്ന് ഒന്നിലേറെപ്പേരെ രക്ഷിച്ചാൽ, രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കിയാവും പാരിതോഷികം നൽകുക.
ഒരുവർഷം ഇത്തരത്തിൽ പാരിതോഷികവും പ്രശംസാപത്രവും ലഭിച്ചവരിൽനിന്ന് പത്തുപേരെ ദേശീയതലത്തിൽ തിരഞ്ഞെടുത്ത് ഒരുലക്ഷം രൂപയുടെ ദേശീയ പുരസ്കാരം നൽകും.
അപകടവിവരം പോലീസിനെ ആദ്യം അറിയിക്കുന്ന നല്ല ശമരിയാക്കാരന്, ഡോക്ടറുടെ റിപ്പോർട്ടും മറ്റു വിശദാംശങ്ങളും ഉൾപ്പെടുത്തി പോലീസ് രസീത് നൽകണം. പരിക്കേറ്റയാളെ നല്ല ശമരിയാക്കാരാൻ നേരിട്ടാണ് ആശുപത്രിയിലെത്തിച്ചതെങ്കിൽ ആശുപത്രിയധികൃതർ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
സംഭവം നടന്ന സ്ഥലം, തീയതി, നല്ല ശമരിയാക്കാരന്റെ ഇടപെടൽ, അദ്ദേഹത്തിന്റെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തി പോലീസ് രസീത് നൽകുകയും വേണം.
Discussion about this post