അത് 300 വര്‍ഷം പഴക്കമുള്ള ചെമ്പോല: മോന്‍സന് നല്‍കിയത് താനാണ്, നല്‍കിയത് സിനിമ ആവശ്യത്തിന്; ‘യഥാര്‍ഥ അവകാശി’ തൃശ്ശൂര്‍ സ്വദേശി ഗോപാല്‍

തൃശ്ശൂര്‍: ശബരിമല ചെമ്പോല മോന്‍സന് നല്‍കിയത് താനാണെന്ന് അവകാശപ്പെട്ട് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍ രംഗത്ത്. മോന്‍സന്റെ സുഹൃത്ത് സന്തോഷിന് ചെമ്പോല കൈമാറിയത് താനാണെന്ന് ഗോപാല്‍ പറഞ്ഞു. സിനിമ ആവശ്യത്തിന് നല്‍കിയതാണ്. ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ല. വഴിപാടുകളെപ്പറ്റിയാണ് ചെമ്പോലയില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു. ത്യശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വെച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇത് സന്തോഷ് എന്നയാള്‍ക്ക് കൊടുത്തത് താനാണ്. പണം വാങ്ങിയാണ് സന്തോഷിന് ചെമ്പോല നല്‍കിയത്. ക്ലബ്ബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനാണ് ചെമ്പോല പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയത്.

അമ്പലത്തിലെ വെടിവഴിപാടോ നാളികേരമോ ഒരു പ്രത്യേക വ്യക്തിയെ ചുമതലപ്പെടുത്തി എന്നതാണ് ചെമ്പോലയിലെ എഴുത്തിന്റെ ഉള്ളടക്കം. രണ്ടുവര്‍ഷം മുന്‍പാണ് സന്തോഷിന് ചെമ്പോല കൈമാറിയത്. മോന്‍സണിന്റെ കയ്യിലെത്തിയത് അറിഞ്ഞിരുന്നില്ല. മോന്‍സണുമായി നേരിട്ട് ഇടപാടൊന്നുമില്ല. ഒരിക്കല്‍ തന്നെ വിളിച്ചിരുന്നു.

മോന്‍സണെ പരിചയപ്പെടാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ത്യശൂരിലെ അജ്ഞാതനില്‍ നിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരന്‍ സന്തോഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Exit mobile version