കോഴിക്കോട്: സംസ്ഥാന ബിജെപിയുടെ സംഘടനാതലത്തിൽ വലിയ അഴിച്ചുപണി. അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എംഎസ് സമ്പൂർണ, ജി രാമൻ നായർ, ജി ഗിരീശൻ എന്നിവരാണു പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.
പി രഘുനാഥ്, ബി ഗോപാലകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാന വൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ മാറ്റുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും മാറ്റിയിട്ടില്ല. കെ ശ്രീകാന്ത്, ജെആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ 10 സെക്രട്ടറിമാരാണുള്ളത്. ഇ കൃഷ്ണകുമാറാണ് സംസ്ഥാന ട്രഷറർ. കെവിഎസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടിപി സിന്ധുമോൾ എന്നിവരെ വക്താക്കളായി നിയമിച്ചു. കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷനായി ഷാജി ആർ നായരെയും നിയമിച്ചു.
സംസ്ഥാനത്ത് ബിജെപിയിൽ താഴെത്തട്ടുവരെ അഴിച്ചുപണി നടത്തുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. അച്ചടക്കലംഘനത്തിനെതിരെ കർശന നടപടി എടുക്കും. വിവിധ ഘടകങ്ങൾ ചെറുതാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്.
കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരെ മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി അടക്കമുള്ള കാര്യങ്ങളാണ് ജില്ലാനേതൃത്വത്തിലെ മാറ്റത്തിനു കാരണം.
വിഎ സൂരജ് (പത്തനംതിട്ട), ജി ലിജിൻലാൽ (കോട്ടയം), കെഎം ഹരിദാസ് (പാലക്കാട്), കെപി മധു (വയനാട്), രവീശതന്ത്രി (കാസർകോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. കോഴിക്കോട് ജില്ലാ പ്രസിഡന്റിനെയും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ മാറ്റം വരുത്തിയിട്ടില്ല.