തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ മാര്‍ഗരേഖ തയ്യാറായി. എല്‍പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം മതി എന്നാണ് നിര്‍ദേശം. ഹൈസ്‌കൂള്‍ തലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്കാണ് അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം കൊണ്ട് വരാന്‍ തത്ക്കാലം അനുമതിയില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ലാസുകള്‍ തുടരുന്നതിന് അനുസരിച്ച് പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അതേസമയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും ഈ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുക. എന്നാല്‍ കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
മൂന്നില്‍ ഒന്ന് വിദ്യാര്‍ഥികള്‍ മാത്രം സ്‌കൂളില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഒന്ന് മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകളില്‍ ഒരേസമയം 10 കുട്ടികളെയും, മറ്റ് ക്ലാസ്സുകളില്‍ ഒരേ സമയം ഇരുപത് പേരെയും അനുവദിക്കും. ബാച്ചുകളുടെ ക്രമീകരണം സ്‌കൂളുകള്‍ക്ക് നിശ്ചയിക്കാം. ക്ലാസ്സുകളുടെ ഇടവേള പല സമയങ്ങളിലായി ക്രമീകരിക്കും. ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍ നടക്കുക. എല്ലാ സ്‌കൂളുകളിലും ആരോഗ്യ മോണിറ്ററിംഗ് കമ്മിറ്റികള്‍ ഉണ്ടാകും. സ്‌കൂളില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കും.
ഗതാഗത വകുപ്പ് തയ്യാറാക്കിയ സ്റ്റുഡന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടൊക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉച്ചഭക്ഷണം നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപെട്ടിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ ഉച്ച ഭക്ഷണം ഉണ്ടാകില്ല. സ്ഥിതി വിലയിരുത്തിയ ശേഷം പിന്നീട് പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്.