മലപ്പുറം: ടിക്കറ്റ് റിസർവുചെയ്ത് സ്റ്റോപ്പിൽ കാത്തിരുന്ന യാത്രക്കാരിയെ കയറ്റാതെ ബസ് കുതിച്ചുപാഞ്ഞു, പിന്നാലെ യാത്രക്കാരിയെ കയറ്റിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ തിരിച്ചോടിയത് 60 കിലോമീറ്റർ. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് തിരിച്ചോടിയത് 60 കിലോമീറ്റർ.
ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളി പനവേലിൽ ഇനൂജയാണ് ബസിനെ കാത്തിരുന്നത്. ഇനൂജ കെഎസ്ആർടിസിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കു പരാതിയുമായി വിളിച്ചതോടെയാണ് തിരികെപ്പോകാൻ ബസ് ജീവനക്കാർക്കു നിർദേശം കിട്ടിയത്. രണ്ടുമണിക്കൂറോളം വീണ്ടും കാത്തുനിന്ന ഇനൂജയ്ക്ക് ഒടുവിൽ യാത്ര ചെയ്യാനായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
എടപ്പാൾ കണ്ടനകം കെഎസ്ആർടിസി ഡിപ്പോയിലാണ് ഇനൂജ കാത്തുനിന്നത്. കോഴിക്കോട് കെഎംസിടി സ്കൂളിലെ അധ്യാപികയാണിവർ. വെള്ളിയാഴ്ച രാത്രി നാട്ടിലേക്കുപോകാനായി ഇനൂജ കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുപോകുന്ന സൂപ്പർ ഡീലക്സ് ബസിൽ ടിക്കറ്റ് റിസർവ്ചെയ്തു. ഏഴുമണിക്ക് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ബസ് 8.30ന് എടപ്പാളിലെത്തുമെന്നു കണ്ടക്ടർ പറഞ്ഞതനുസരിച്ച് ഇനൂജ എടപ്പാൾ കണ്ടനകം വർക്ഷോപ്പ് സ്റ്റോപ്പിൽ ഏഴുമണിമുതൽ കാത്തുനിന്നു. ഇതിനിടെ പലവട്ടം കണ്ടക്ടറെ ഫോണിൽ വിളിച്ച് കാത്തുനിൽക്കുന്ന കാര്യമറിയിച്ചു. ഇപ്പോഴെത്തുമെന്ന മറുപടിയും ലഭിച്ചു.
എന്നാൽ സമയമേറെ കഴിഞ്ഞിട്ടും ബസ് കാണാത്തതിനെത്തുടർന്നു വീണ്ടും വിളിച്ചപ്പോൾ ബസ് എടപ്പാൾ വിട്ടെന്നും ഉടൻ ഓട്ടോറിക്ഷ വിളിച്ചു ചെല്ലണമെന്നും കണ്ടക്ടർ പറഞ്ഞു. ബസ് അപ്പോളെത്തിയ സ്ഥലമേതെന്നതിനു കൃത്യമായ മറുപടിപോലും കണ്ടക്ടർക്കു നൽകാനായില്ല. ഇതോടെ യാത്രക്കാരി ചങ്ങരംകുളം, പൊന്നാനി പോലീസ് സ്റ്റേഷനുകളിലും കെഎസ്ആർടിസി യുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു. തുടർന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളിൽ തിരിച്ചെത്തി ഇനൂജയെ കയറ്റി യാത്ര തിരിക്കുകയായിരുന്നു.
Discussion about this post