ഇടുക്കി: ആനച്ചാലിൽ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതി ലക്ഷ്യം വെച്ചത് വീട്ടിലെ എല്ലാവരേയും കൊലപ്പെടുത്താനെന്ന് പോലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പോലീസ് പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തി. പ്രതിയെ ഇന്ന് കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് ആക്രോശിച്ചായിരുന്നു ഇയാളുടെ ക്രൂരപ്രവർത്തി. സഫിയയും മകൻ അൽത്താഫും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു പ്രതി കൊലപാതകം നടത്തിയത്. പുലർച്ചെ മൂന്നരയ്ക്ക് ഉറങ്ങി കിടക്കുന്നതിനിടെ ഷാനെന്നു വിളിപ്പേരുള്ള സുനിൽ ഗോപി ചുറ്റികകൊണ്ട് കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സഫിയയെയും ചുറ്റിക കൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്നിയെയും മുത്തശ്ശി സൈനബയെയും നിഷ്കരുണം മർദിച്ചവശരാക്കി.
സഫിയയുടെ സഹോദരി ഭർത്താവായ പ്രതിയുമായി വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് കൊലപാതക കാരണം. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മുതുവാൻകുടി വനത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Discussion about this post