പത്തനാപുരം: വെള്ളം കുടിക്കാൻ സാധിക്കാതെ അസ്വസ്ഥത കാണിച്ചതിന് ‘മന്ത്രവാദ ചികിത്സ’യ്ക്കു കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി മരിച്ചുവീണ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മരണകാരണം പേവിഷബാധയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മുള്ളുമല പട്ടികവർഗ കോളനിയിലെ പുഷ്പാംഗദന്റെ (പൊടിമോൻ) മകൾ ആർച്ചയുടെ (കുങ്കു17) മരണത്തിന് പിന്നാലാണ് പേവിഷ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 13നു കുട്ടിയെ ‘മന്ത്രവാദ ചികിത്സയ്’ക്കായി ളാഹയിലേക്കു കൊണ്ടുപോകും വഴിയാണു മരണമുണ്ടായത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 14നാണു പോസ്റ്റ്‌മോർട്ടം നടന്നത്. തലച്ചോറിലാകെ വൈറസ് ബാധിച്ചിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആർച്ചയ്ക്കു പട്ടികടിയേറ്റത് എന്നാണെന്നു വ്യക്തമല്ല.
ആർച്ച മരിക്കുന്നതിനു മുൻപ് ഒരാഴ്ച സഹോദരിയോടൊപ്പം അടൂരിൽ താമസിച്ചിരുന്നു. സെയിൽസ് ജോലി ചെയ്തിരുന്ന ഇവരോടൊപ്പം പല സ്ഥലങ്ങളിൽ ജോലിക്കുപോയതായും വിവരമുണ്ട്. ഇവിടെനിന്നു വീട്ടിൽ തിരിച്ചെത്തിയ ശേഷമാണു ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നു ബന്ധുക്കൾ പറയുന്നു.
പെൺകുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. പരിശോധനയിൽ കുട്ടിക്കു വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
എന്നാൽ ആശുപത്രിയിലേക്കു മാറ്റാതെ മന്ത്രവാദ ചികിത്സയ്ക്കു കൊണ്ടുപോയെന്നാണു വിവരം. അതേസമയം, ആർച്ചയെയും സമീപവാസിയായ കുഞ്ഞുമോനെയും കോളനിയിൽത്തന്നെ വളർത്തിയിരുന്ന ഒരു നായ കഴിഞ്ഞവർഷം നവംബർ ആറിനു കടിച്ചിരുന്നു. കുഞ്ഞുമോൻ ഈ വർഷം മാർച്ച് 4നു കുഴഞ്ഞുവീണു മരിച്ചു. ആർച്ചയ്ക്ക് അനുഭവപ്പെട്ട ലക്ഷണങ്ങളാണ് ഇയാൾക്കും ഉണ്ടായിരുന്നതെന്നു നാട്ടുകാർ പറയുന്നു.
പെൺകുട്ടിക്ക് ഒരു വർഷം മുമ്പാണ് നായയുടെ കടിയേറ്റതെന്നതിനാൽ തന്നെ പേവിഷ ബാധ ആരും സംശയിച്ചിരുന്നില്ല. എന്നാൽ, നായയിൽനിന്നു വൈറസ് മനുഷ്യശരീരത്തിൽ എത്തിക്കഴിഞ്ഞാൽ 3 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ സാധാരണ മരണമുണ്ടാകുമെങ്കിലും അപൂർവം സാഹചര്യങ്ങളിൽ അത് ഒരു വർഷം വരെ എടുത്തേക്കാമെന്നു ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.സന്ധ്യ പറഞ്ഞു.
ശരീരത്തിലെത്തുന്ന വൈറസിന്റെ അളവ് തീരെ കുറവായ സാഹചര്യത്തിലാണ് ഇങ്ങനെയുണ്ടാകുന്നത്. നായ കടിക്കുന്ന സംഭവങ്ങൾ സാധാരണയാണെങ്കിലും പേവിഷ ബാധയേറ്റുള്ള മരണം ഇപ്പോൾ അപൂർവമാണ്. ജില്ലയിൽ ഈ വർഷം 3735 പേരെ നായ കടിച്ചെന്നാണു റിപ്പോർട്ടെന്നും അവർക്കെല്ലാം വാക്‌സീൻ എടുത്തെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.