അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.
ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.
എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.