കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനവുമായി റോഡിലിറങ്ങി അപകടങ്ങളുണ്ടാക്കുന്നത് പതിവായതോടെ ഇടപെടലുമായി മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞദിവസം കളമശ്ശേരിയിൽ 16 വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചതോടെയാണ് ‘കുട്ടിഡ്രൈവർ’ മാരെ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ജി അനന്തകൃഷ്ണൻ പ്രത്യേക സ്‌ക്വാഡിന് രൂപം നൽകിയിരിക്കുന്നത്.
സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ കുടുങ്ങിയ 16കാരനായ കുട്ടി ഡ്രൈവർക്കും കുടുംബത്തിനും 25000 രൂപ പിഴയാണ് ചുമത്തിയത്. വീട്ടിലേക്ക് പാൽ വാങ്ങാനിറങ്ങിയതെന്ന പേരിൽ സ്‌കൂട്ടറിൽ കറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്കാണ് മോട്ടോർവാഹന വകുപ്പിന്റെ പിടിവീണത്. വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസും നൽകി.
കഴിഞ്ഞദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുസാറ്റിന് സമീപം കുമ്മൻചേരി ജങ്ഷനിൽ 17 വയസ്സുകാരൻ വലയിലായത്. സ്‌കൂട്ടർ ഓടിച്ചുപോകുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൈയോടെ പിടികൂടുകയായിരുന്നു. വണ്ടിയോടിച്ച കുട്ടിക്കെതിരേ ജൂവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പറഞ്ഞു. വിദ്യാർഥിക്ക് ഡ്രൈവിങ് ലൈസൻസ് 25 വയസ്സാകാതെ നൽകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി 25,000 രൂപ പിഴ നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജോയ് പീറ്റർ, അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സിഎൻ ഗുമുദേശ്, ടിഎസ് സജിത് എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.