തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുകയാണ്.
വ്യാജ പുരാവസ്തു ശേഖരം കാണിച്ച് മോന്സന് ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെക്കുറിച്ചുള്ള ട്രോളുകളും ധാരാളം വരുന്നുണ്ട്. ഒപ്പം പ്രമുഖര്‍ക്കൊപ്പമുള്ള മോന്‍സന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു.
അത്തരത്തില്‍ ഗായകന് എംജി ശ്രീകുമാറിനെയും മോന്സന് കബളിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ എംജി ശ്രീകുമാര്‍ താന്‍ അണിഞ്ഞ മോതിരത്തെക്കുറിച്ച് പറയുന്നതാണ് വിഡിയോയിലുള്ളത്. ജഡ്ജിങ് പാനലില്‍ എംജി ശ്രീകുമാറിനൊപ്പമുള്ള രമേഷ് പിഷാരടി, സ്റ്റീഫന്‍ ദേവസ്സി, അനുരാധ ശ്രീരാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മോതിരത്തെക്കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നത്.
കറുത്ത നിറത്തിലുള്ള കല്ലുള്ള ഈ മോതിരം തങ്ങളെ ഹഠാദാകര്‍ഷിച്ചുവെന്നും ഏത് ഗ്രാനൈറ്റ് കടയില്‍ നിന്നാണ് ഈ മോതിരം വാങ്ങിയതെന്നും സ്ക്വയര്‍ ഫീറ്റിന് എത്ര വിലയാണെന്നും രമേഷ് പിഷാരടി എംജി ശ്രീകുമാറിനോട് തമാശയായി ചോദിക്കുന്നുണ്ട്.
തന്റെ സുഹൃത്ത് ഡോക്ടര്‍ മോന്‍സണാണ് പുരാവസ്തുവായ ഈ മോതിരം തന്നതെന്നും അദ്ദേഹം പുരാവസ്തുവില്‍ താല്‍പ്പര്യമുള്ള ആളാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു. മോന്സണ് തനിക്ക് വെറുതെ തന്നതാണ് മോതിരമെന്നും എന്നാല്‍ പിന്നീട് അത് തിരിച്ചുകൊടുക്കണമെന്നും വീഡിയോയില്‍ എംജി ശ്രീകുമാര്‍ പറയുന്നുണ്ട്.
മോതിരം തിരിച്ച് കൊടുക്കുമെന്ന് ടിവി ഷോയിലൂടെ പരസ്യമായി പറഞ്ഞത് കേട്ടതുകൊണ്ട് മോന്സണ് സമാധാനമായിട്ടുണ്ടാവുമെന്ന് രമേഷ് പിഷാരടി കൗണ്ടര്‍ പറയുകയും ചെയ്യുന്നുണ്ട്.
മോതിരത്തിലെ കല്ല് ബ്ലാക്ക് ഡയമണ്ടാണെന്ന് മോന്സണ് പറഞ്ഞതായും വീഡിയോയില്‍ എംജി ശ്രീകുമാര്‍ പറഞ്ഞു. തന്റെ കയ്യിലെ വാച്ചും ആന്റിക് പീസ് ആണെന്നും അദ്ദേഹം പറയുന്നതായി വീഡിയോയില്‍ കാണാം.
അതേസമയം, ഗായകന് എംജി ശ്രീകുമാറിന് നല്കിയ ഈ ‘കറുത്ത വജ്രമോതിര’ത്തിന്റെ വില 300 രൂപയായിരുന്നു. വലിയ വിലയുള്ള മോതിരം, സുഹൃത്ത് ഡോക്ടര്‍ മോന്സന് നല്‍കിയതാണെന്ന് എംജി ശ്രീകുമാര്‍ ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതുള്‍പ്പെടെ മോന്സണ് പലര്‍ക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണല്‍ മാര്‍ക്കറ്റില്‍നിന്ന് 200-1000 രൂപയ്ക്കു വാങ്ങിയതായിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരം മുഴുവന്‍ തട്ടിപ്പായിരുന്നു.
Discussion about this post